ഉത്രാടപ്പാച്ചിലിൽ മലയാളികൾ….നാളെ തിരുവോണം1 min read

28/8/23

ഇന്ന് ഉത്രാടം തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട തിരക്കിലാണ് ഇന്ന് മലയാളികള്‍. ഉത്രാട ദിവസമാണ് മലയാളികള്‍ക്ക് ഒന്നാം ഓണം.

ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ‘ ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളില്‍ പ്രസിദ്ധമായ ഒന്നാണ് ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തില്‍ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഈ ഉത്രാട പാച്ചില്‍. ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും.

കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വര്‍ത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവില്‍പ്പന ശാലകളിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും.

കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കാനായി കഴിയാത്തതായിരിക്കാം .ജീവിത രീതികളുടെ ഭാഗമായി ആഘോഷ രീതികളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്പങ്ങളിലും ഒത്തുചേരലിന്റെ നിറവിലും മലയാളിയും ഓണവും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നു.

തിരുവോണനാളില്‍ ഗംഭീരമായ സദ്യ തയ്യാറാക്കാനായി ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ ‘ഉത്രാടപ്പാച്ചില്‍’ എന്നാണ് വിളിക്കുന്നത്.

ക്ഷേത്രങ്ങളിലേയ്ക്ക് ‘കാഴ്ചക്കുല’ സമര്‍പ്പിക്കുന്നതും ഓണനാളുകളില്‍ കണ്ടുവരുന്ന ഒരു പ്രധാന ചടങ്ങാണ്. ഗുരുവായൂര്‍ അമ്ബലത്തിലെ ‘കാഴ്ചക്കുല’ സമര്‍പ്പണം വളരെ പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തര്‍ ഉത്രാട ദിവസം ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നത്. ചങ്ങാലിക്കോടന്‍ ഇനത്തില്‍പ്പെട്ട നേന്ത്രവാഴക്കുലകളാണ് കാഴ്ചക്കുലകളായി സമര്‍പ്പിക്കാറുള്ളത്.

അതേസമയം ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്‌ നല്ലതു പോലെ പതം വരുത്തും. നിറം നല്‍കാനായി ഇഷ്ടികപ്പൊടി ചേര്‍ക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു.

ഉത്രാടദിവസം നാക്കിലയില്‍ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വെക്കുന്നു. ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതില്‍ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്ബരത്തി, ചെണ്ടുമല്ലി, തുമ്ബ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തും. ചെമ്ബരത്തി ഈര്‍ക്കിലില്‍ കുത്തി വെക്കും.തിരുവോണം നാളില്‍ മഹാബലിയെ കുടിവെക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുകല്ല് തുടങ്ങി അനുചരനന്മാരോടൊത്താണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുക.

തൃക്കാക്കരയപ്പന് നേദിക്കാന്‍ ശര്‍ക്കരയും പഴവും തേങ്ങയും വെച്ച്‌ പ്രത്യേകതരം അടയുണ്ടാക്കുന്നു. ശര്‍ക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലര്‍ നേദിക്കുക. ആണ്‍കുട്ടികള്‍ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിര്‍ബന്ധം പിടിക്കാറുണ്ടെങ്കിലും പെണ്‍കുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.

തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകള്‍ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു. കന്നിമാസത്തിലെ ആയില്യത്തിന്‍ നാളിന് പ്രത്യേകതയുണ്ട്.മഹാബലിയുടെ മകനായ മകത്തടിയന്‍ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ് ആയില്യം എന്നാണ് വിശ്വാസം. അന്ന് മകത്തടിയന്‍ എന്ന പേരില്‍ തടി കൂടിയ രൂപത്തെയാണ് പ്രതിഷ്ഠിക്കുക. ഒരു ദിവസത്തെ പൂജക്ക് ശേഷം മകത്തടിയനെ എടുത്തു മാറ്റുന്നു.

ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്.കേരളത്തില്‍ ഓണത്തിരക്ക് തകൃതിയാകുമ്ബോള്‍ മറുനാടന്‍ മലയാളികള്‍ ഗൃഹാതുരയോടെ ഓണത്തേക്കുറിച്ചുള്ള ഓര്‍മകളുമായി കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *