ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി ഇൻഡ്യ മുന്നണി.
തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം നിലവിൽ ആരോപിക്കുന്നത്. പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനം സംബന്ധിച്ച ചര്‍ച്ചകളും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പുരോഗമിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടന്നാല്‍ ഭരണകക്ഷിക്ക് അത് ഏറെ ഗുണം ചെയ്യും എന്നതാണ്ണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാദേശിക വിഷയത്തില്‍ ഊന്നിയ പ്രചരണങ്ങള്‍ക്ക് പകരം ദേശീയതയും ദേശീയ വിഷയങ്ങളും ആകും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചര്‍ച്ചാവിഷയങ്ങൾ . പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ഇതുവഴി അധികാരത്തില്‍ കടന്നു കയറാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഐഡിഎഫ്സി 2015ല്‍ നടത്തിയ ഒരു പഠന പ്രകാരം ഒന്നിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ നേട്ടം കൊയ്യുന്ന പാര്‍ട്ടി നിയമസഭയിലും വിജയിക്കാനുള്ള സാധ്യത കൂടുതലാണ്.
1999 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി.ജെ.പിക്ക് കര്‍ണാടകയില്‍ ലഭിച്ചത് 74% മണ്ഡലങ്ങളാണ്. 2004,2009 വര്‍ഷങ്ങളില്‍ ലോക്സഭ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വ്യത്യസ്ത സമയങ്ങളില്‍ നടന്നപ്പോള്‍ വിജയിച്ച മണ്ഡലങ്ങള്‍ 57 ശതമാനമായും പിന്നീട് 39 ശതമാനമായും കുറഞ്ഞു. ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ബദലായി ഒരു രാജ്യം ഒരു വിദ്യാഭ്യാസം എന്ന നിയമമാണ് വേണ്ടത് എന്ന് അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത് എന്നും അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടു.