പെൻഷൻ പ്രായം 60ആക്കിയ സർക്കാർ നിലപാടിനെതിരെ AIYF1 min read

31/10/22

തിരുവനന്തപുരം :പെൻഷൻ പ്രായം 60ആക്കിയ സർക്കാർ തീരുമാനത്തിനെതിരെ AIYF രംഗത്ത്.അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തില്‍ പ്രതിഷേധമറിയിച്ചു.

കെഎസ്‌ആര്‍ടിസി, കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിച്ചത് അറുപത് വയസാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കും. അതേസമയം, മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യം ശക്തമാക്കുകയാണ് സര്‍വ്വീസ് സംഘടനകള്‍. എന്നാല്‍ നടപടിയില്‍ എതിര്‍പ്പുമായി എഐവൈഎഫും പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.

റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച്‌ കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍. ഒന്നരലക്ഷം പേര്‍ക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവര്‍ക്ക് കൂടുതല്‍ സര്‍വ്വീസ് ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ള കെഎസ്‌ഇബിയിലെയും, കെഎസ്‌ആര്‍ടിസിയിലെയും, വാട്ടര്‍ അതോറിറ്റിയിലെയും പെന്‍ഷന്‍ പ്രായം കൂട്ടല്‍ പിന്നാലെ വരും. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവില്‍ നിര്‍ദ്ദേമുണ്ട്. കെഎസ്‌ഇബിയില്‍ യൂണിയനുകളുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വെച്ച ഒരു നിര്‍ദ്ദേശം പെന്‍ഷന്‍ പ്രായം കൂട്ടാമെന്നായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം കൂട്ടല്‍ സര്‍ക്കാറിന്റെ നയപരമായ മാറ്റത്തിന്‍റെ സൂചനയായി കണക്കാക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുമോ എന്നുള്ളതാണ് ഇനിയുള്ള വലിയചോദ്യം. ശമ്പള പരിഷ്ക്കരണ കമ്മീഷനും ഭരണപരിഷ്ക്കാര കമ്മീഷനും ധനകാര്യകമ്മീഷനും നേരത്തെ തന്നെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കേണ്ട ഭാരിച്ച തുക കണക്കിലെടുത്ത് തവണ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പലതവണ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പക്ഷെ യുവജനസംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. അടുത്ത ബജറ്റില്‍ പക്ഷെ പെന്‍ഷന്‍ പ്രായത്തിലെ മാറ്റത്തില്‍ നിര്‍ണ്ണായക തീരുമാനം വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *