AIYF ന് പിന്നാലെ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവിനെതിരെ DYFI യും രംഗത്ത്1 min read

1/11/22

തിരുവനന്തപുരം :AIYF ന് പിന്നാലെ പെൻഷൻ പ്രായം 60ആക്കിയ ഉത്തരവിനെതിരെ DYFI യും രംഗത്ത്.      പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്ന് ഡി.വെ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെ പുതിയ ഉത്തരവ് ബാധകമാകും. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന-വേതന ഘടനകള്‍ പരിഷ്കരിച്ച്‌ ഏകീകരിക്കാന്‍ 2017 ല്‍ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്‍റേണല്‍ ഓഡിറ്റ് ബോര്‍ഡ്) ചെയര്‍മാന്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നിവയിലെ ജീവനക്കാരെ പുതിയ വിരമിക്കല്‍ പ്രായത്തില്‍നിന്ന് ഒഴിവാക്കിയാണ് ധനവകുപ്പിന്‍റെ ഉത്തരവ്.

നിലവില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത വിരമിക്കല്‍ പ്രായപരിധിയാണുള്ളത്. ഒരേ സ്ഥാപനത്തില്‍തന്നെ വര്‍ക്കേഴ്സിന് 60, സ്റ്റാഫിന് 58 എന്ന നിലയുമുണ്ടായിരുന്നു. ഇതെല്ലാം ഏകീകരിച്ചാണ് 60 വയസ്സായി നിജപ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. നിലവില്‍ വിരമിച്ചവര്‍ക്ക് ഉത്തരവ് ബാധകമല്ല. 58 വയസ്സായി വിരമിക്കല്‍ പ്രായം നിശ്ചയിച്ച സ്ഥാപനങ്ങളില്‍ പുതിയ തീരുമാനം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. അതിനിടെ തങ്ങളുടെ പെന്‍ഷന്‍ പ്രായവും വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സര്‍വിസിലെ സംഘടനകള്‍ രംഗത്തുവന്നു.

നിലവിലെ ഉത്തരവില്‍ കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നിവയെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇവയെ ഒഴിവാക്കിയിട്ടില്ലെന്നും പ്രത്യേക പഠനം നടത്തിയശേഷമാകും തീരുമാനമെന്നും ഉത്തരവിലുണ്ട്. 2017ല്‍ റിയാബ് ചെയര്‍മാന്‍ അധ്യക്ഷനായി സമിതിയെ പഠനത്തിന് നിയോഗിക്കുമ്പോൾ നിശ്ചയിച്ച്‌ നല്‍കിയ പരിഗണനാവിഷയങ്ങളില്‍  ഈ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരുന്നില്ല. ഇവ മൂന്നും സേവന സ്വഭാവത്തിലുള്ള യൂട്ടിലിറ്റി സര്‍വിസുകളാണെന്നതും നിര്‍മാണ -ഉല്‍പാദന രംഗത്തല്ല ഇവ പ്രവര്‍ത്തിക്കുന്നതെന്നതുമാണ് ഒഴിവാക്കലിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

പഠനം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് മറ്റിടങ്ങളിലെ നടപ്പാക്കലിന് കാലതാമസം വരുത്തുമെന്നതാണ് ഇവയെ ഒഴിവാക്കി ഇപ്പോള്‍ ഉത്തരവിറക്കാന്‍ കാണം. അതേസമയം മൂന്നിടങ്ങളിലും പഠനം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാല് മാസത്തിനകം റിപ്പോര്‍ട്ട് നടപ്പാക്കാനാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *