ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയത്.
ഭാര്യ അക്ഷത മൂര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും എത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നരേന്ദ്രമോദിയും ഋഷിസുനക്കും തമ്മില്‍ കൂടിക്കാഴ്ച നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അത് റദ്ദാക്കുകയായിരുന്നു. പകരം വെള്ളിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി സ്വന്തം വസതിയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന് അത്താഴ വിരുന്ന് നല്കി.
വെള്ളിയാഴ്ച വൈകീട്ടും ഋഷി സുനക്കിന് ഒരുപരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് മൂലം അതും റദ്ദാക്കുകയായിരുന്നു.
പകരം ഡല്‍ഹിയിലെ ലുത്യെൻസില് ഡിന്നര്‍ കഴിക്കാമെന്നായിരുന്നു അക്ഷതയും സുനക്കും തീരുമാനിച്ചത്. ഷാങ്രി ലാ ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ഇരുവരുടെയും താമസം. വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങി ഈ ഹോട്ടലിനു സമീപമുള്ള റസ്റ്റാറന്റില്‍ കയറി ഇരുവരും ഭക്ഷണം കഴിക്കുകയായിരുന്നു.