വിദ്യാർത്ഥികൾ ക്യാമ്പസിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നെന്ന് ആരോപിച്ച അധ്യാപികയെ സ്ഥലം മാറ്റി, സർക്കാർ നടപടി തെറ്റായ സന്ദേശം നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

10/7/23

കാസർഗോഡ് :കോളേജ് ക്യാമ്പസ്സിൽ മയക്കുമരുന്നിന്റെ ഉപയോഗവും, അസാന്മാർഗ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും, അത്   തടയണമെന്ന് ആവശ്യപെടുകയും ചെയ്ത  പ്രിൻസിപ്പലിനെ  ശിക്ഷനടപടികളുടെ ഭാഗമായി കാസർഗോഡ് ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റി.

കാസർഗോഡ് ഗവൺമെൻറ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയും പ്രിൻസിപ്പലിന്റെ ചുമതലയും വഹിച്ചിരുന്ന ഡോ :എം. രമയേയാണ് കോഴിക്കോട് കൊടുവള്ളി ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് സ്ഥലം മാറ്റിയത്. ഒരു വിദ്യാർഥി സംഘടനയുടെ സമ്മർദ്ദത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി വഴങ്ങുകയായിരുന്നു.

വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിൽ പൊതുവേദിയിൽ അഭിപ്രായപ്രകടനങ്ങൾ നടത്തി സർക്കാർ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.  പ്രസ്തുതഅധ്യാപിക കോളേജിൽ തുടരുന്നത് കോളേജിന്റെ പഠനാന്തരീക്ഷത്തെയും ഉന്നതിയേയും സാരമായി ബാധിക്കാൻ ഇടയാകുമെന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുന്നതെന്ന് ഉത്തരവിൽ പറയുന്നു.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗവും കച്ചവടവും വ്യാപകമാകുന്നത് തടയാനായി രക്ഷാകർതൃ സമിതിയുടെ യോഗം വിളിച്ച് പരിഹരിക്കാൻ ശ്രമിച്ചതും, വിദ്യാർത്ഥികൾക്കിടയിലെ സദാചാര വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി വന്നപ്പോൾ രക്ഷകർത്താക്കളെ അറിയിച്ചതും ഒരു വിദ്യാർത്ഥി സംഘടനയുടെ അപ്രീതിക്ക് കാരണമായത് കൊണ്ടാണ് അധ്യാപികയ്ക്ക് ശിക്ഷാനടപടി നേരിടേണ്ടി വന്നിരിക്കുന്നത്.

അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന കോളേജ് അധ്യാപകർക്ക് സർക്കാർ നൽകുന്ന തെറ്റായ സന്ദേശമായാണ് ഡോക്ടർ രമയുടെ സ്ഥലം മാറ്റത്തെ കാണേണ്ടതെന്നും, അടിയന്തരമായി ശിക്ഷ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *