.
10/10/22
തിരുവനന്തപുരം :കേരള സർവ്വകലാശാല എഐസിടിഇ യുടെ അനുമതി കൂടാതെ രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ് അനുവദിച്ചത് വിവാദമാകുന്നു. കേരള യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിൽ മാത്രം നേരിട്ട് നടത്തുന്ന MBA പ്രോഗ്രാം ആദ്യമായാണ് സർവകലാശാലയ്ക്ക് പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.
സർവകലാശാല പഠന വകുപ്പിൽ നടത്തുന്ന CSS (Credit and Semester Scheme)കോഴ്സുകൾ സർവകലാശാലയ്ക്ക് പുറത്തുള്ള കോളേജുകൾക്ക് അനുവദിക്കാൻ വ്യവസ്ഥയില്ല .മാത്രമല്ല ഇത് CSS കോഴ്സിന്റെ അക്കാഡമിക് ഗുണ നിലവാരം തകർക്കുമെന്നും ആക്ഷേപമുണ്ട്.
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഉടമസ്ഥതയിലുള്ള എച്ച്. എൽ.എൽ. മാനേജ്മെൻറ് അക്കാദമി, തിരുവനന്തപുരം മൺവിള കാർഷിക സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് കോഴ്സ് അനുവദിച്ചിരിക്കുന്നത്.
മുപ്പത് പേർക്ക് വീതമാണ് പ്രവേശനം നൽകുന്നത്.വിദ്യാർഥി പ്രവേശനം, ഫീസ്, അധ്യാപക നിയമനം,
അധ്യയനം, മൂല്യനിർണയം തുടങ്ങിയവയെല്ലാം സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സർവ്വകലാശാല ഫീസിന്റെ ഇരട്ടി ഫീസാണ് ഓരോ സെമെസ്റ്ററിനും ഈടാക്കുന്നത്.വിദ്യാർഥി പ്രവേശനത്തിനുള്ള അപേക്ഷകൾ സ്ഥാപനങ്ങൾ നേരിട്ട് സ്വീകരിച്ചുതുടങ്ങി.
ലാറ്റക്സ് തൊഴിലാളികൾക്കും, കർഷകർക്കും പരിശീലനം നൽകുക എന്ന ഉദ്ദേശലക്ഷ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായാണ് സർവകലാശാല ധാരണ പത്രം ഒപ്പുവച്ച് കോഴ്സുകൾ അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ യൂണിവേഴ്സിറ്റി
അഫിലിയേഷനും കോഴ്സുകളും അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ ലംഘിച്ചാണ് കോഴ്സ് നൽകിയിട്ടുള്ളത്.
അഫിലിയേറ്റഡ് കോളേജ്കൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള നിയമാനുസൃതമായ സ്ഥലവും മറ്റ് സൗകര്യങ്ങളും ഈ സ്ഥാപനങ്ങളിൽ ഇല്ല.
MBA കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾ AICTE യുടെ മുൻകൂർ അനുമതി നേടിയിരിക്കണം. AICTE അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദങ്ങൾക്ക് അംഗീകാരമുണ്ടാവില്ല. എന്നാൽ സർവ്വകലാശാലകൾക്ക് MBA കോഴ്സ് നടത്തുന്നതിന് AICTE അംഗീകാരം നിർബന്ധമല്ല. പ്രസ്തുത ഇളവ് ദുരുപയോഗം ചെയ്താണ് രണ്ട്
സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
സമാനരീതി തുടർന്നാൽ സർവ്വകലാശാല പഠന വകുപ്പുകൾക്ക് ധാരണ പത്രം ഒപ്പ്‌വച്ച് കൂടുതൽ സ്വാശ്രയ കോഴ്സുകൾ സർവ്വകലാശാലയ്ക്ക് പുറത്ത് അനുവദിക്കാനാവും.
സർവകലാശാലയുടെയും എ ഐ ടി സി ടി യുടെയും ചട്ടങ്ങൾക്ക് വിരുദ്ധമായി രണ്ടു സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ച എം.ബി.എ കോഴ്സ് നിർത്തലാക്കാൻ നിർദേശം നൽകണമെന്നാ വശ്യപ്പെട്ട് ഗവർണർക്കും
എഐസിടിഇ ചെയർമാനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.