തൃശ്ശൂർ : ഹെല്‍മറ്റിനകത്ത് പാമ്പുമായി രണ്ട് മണിക്കൂറോളം കറങ്ങി നടന്ന് യുവാവ്. കോട്ടപ്പടി സ്വദേശിയായ യുവാവാണ് തലയില്‍ വച്ച ഹെല്‍മറ്റിനകത്ത് പാമ്പുണ്ടെന്ന് അറിയാതെ ബൈക്കില്‍ കറങ്ങിയത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്.
വൈകിട്ട് ഏഴ് മണിയോടെ ഹെല്‍മറ്റ് വച്ച് ബൈക്കുമെടുത്ത് യുവാവ് ഗുരുവായൂരില്‍ പോയി. കോട്ടപ്പടി പള്ളിയില്‍ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടു. ഈ സമയം തലയില്‍ നിന്ന് ഊരിയ ഹെല്‍മെറ്റ് ബൈക്കില്‍ തന്നെ വച്ചു. രാത്രി ഒൻപത് മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഹെല്‍മറ്റ് ഊരിയതോടെയാണ് പാമ്പിൻ കുഞ്ഞ് താഴേക്ക് വീണത്.
പാമ്പിനെ കണ്ടതും യുവാവ് പരിഭ്രാന്തിയിലായി. തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി രക്തം പരിശോധിച്ച് ശരീരത്തില്‍ വിഷാംശം ഇല്ലെന്ന് ഉറപ്പാക്കി രണ്ട് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് യുവാവിനെ വിട്ടയക്കുകയുണ്ടായത് .