7/10/22
കണ്ണൂർ :തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടി. തലശ്ശേരി ആർ ടി ഒ പതിനായിരം രൂപ പിഴയും ചുമത്തി.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാൻഡിലെത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടാൻ നോക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ വാഹനത്തിൽ കയറാൻ അനുവദിച്ചത്.
ബസിന്റെ ഡോറിന് സമീപം, ജീവനക്കാരുടെ അനുമതിക്കായി മഴ നനഞ്ഞുകൊണ്ട് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതു കണ്ട പോലീസ് കേസെടുക്കുകയായിരുന്നു.