മീൻപിടിത്ത ബോട്ടിനെ രൂപമാറ്റം വരുത്തി സർവീസ്, പരാതികൾ അവഗണിച്ചു, ആളുകളെ കുത്തിനിറച്ച് യാത്ര, 22പേരുടെ ജീവനെടുത്ത അത് ലാൻഡ ബോട്ടിനെതിരെ പരാതി പ്രളയം1 min read

8/5/23

മലപ്പുറം :താനൂർ ബോട്ട് ദുരന്തം ക്ഷണിച്ച് വരുത്തിയതെന്ന് നാട്ടുകാർ. മാത്‍സ്യബന്ധനത്തിനുപയോഗിച്ച ബോട്ട് രൂപമാറ്റം വരുത്തി യാണ് ഉപയോഗിച്ചതെന്ന് നാട്ടുകാർ പറയുന്നു. പരാതികൾ പല തവണ പറഞ്ഞിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കിയില്ല. ആളുകളെ കുത്തിനിറച്ചാണ് പലപ്പോഴും യാത്രയെന്നും നാട്ടുകാർ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന്ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ പൊലീസ് കേസെടുത്തു.

നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. അപകടത്തില്‍പെട്ട ബോട്ടിന് ഇന്‍ലാന്‍ഡ് നാവിഗേഷന്‍, തുറമുഖ വകുപ്പ് എന്നിവയുടെ ലൈസന്‍സുണ്ട്. എന്നാല്‍ ഈ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാര്‍ഡില്‍ വച്ച്‌ രൂപമാറ്റം വരുത്തിയ മീന്‍പിടിത്ത ബോട്ടാണെന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരടക്കമുള്ള മത്സ്യ തൊഴിലാളികള്‍ നല്‍കുന്ന സൂചന. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വെയര്‍ കഴിഞ്ഞമാസം ബോട്ട് സര്‍വെനടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നും വിവരമുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ്‌തന്നെ ബോട്ട് സര്‍വീസിനിറക്കി. മാത്രമല്ല നിശ്ചിത സമയത്തിന് ശേഷവും സര്‍വീസ് നടത്താന്‍ ശ്രമിച്ചത് അപകടത്തിനും കാരണമായി.

സ്‌ത്രീകളും കുട്ടികളുമടക്കം 22 പേരാണ് താനൂര്‍ അപകടത്തില്‍ മരിച്ചത്. പത്ത് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണ്. എന്‍‌.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ് ടീമുകള്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. അടിയൊഴുക്ക് ശക്തമായത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് വിവരം. മുങ്ങല്‍വിദഗ്ദ്ധരും സ്ഥലത്തുണ്ട്. 21അംഗ എന്‍.ഡി‌.ആര്‍.എഫ് ടീമാണ് സ്ഥലത്തുള്ളത്.

താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വിനോദയാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒരു പൊലീസുകാരനും അപകടത്തില്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം.

തീരത്ത് നിന്ന് അവസാന ട്രിപ്പിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ആറുമണി വരെയാണ് ബോട്ട് സര്‍വീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴുമണിക്ക് സര്‍വീസ് നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകട ശേഷം വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചെറുതോണികളിലായിരുന്നു ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ട് തലകീഴായി മറിഞ്ഞതും ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു . തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്ന ബോട്ട് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഉയര്‍ത്താനായത്.

ദുരന്തത്തിൽ രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർ ദുഃഖം രേഖപെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദോഗിക ദുഖാചാരണത്തിന് നിർദ്ദേശമുണ്ട്. മരിച്ചവർക്ക് 2ലക്ഷം രൂപ ധനസഹായം കേന്ദ്രം പ്രഖ്യാപിച്ചു.

സംഭവത്തിൽ വീഴ്ചകൾ എല്ലാം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും ഇന്ന് താനൂരിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *