20/4/23
തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്ക് ശേഷം ജൂൺ 1ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത അദ്ധ്യാപക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വരുന്നവര്‍ഷം വിതരണം നടത്തേണ്ട ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതില്‍ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി, വിതരണം പുരോഗമിക്കുന്നു. കുട്ടികള്‍ക്ക് നല്‍കുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂര്‍ത്തിയായി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂള്‍ പി ടി എ പ്രസിഡന്റുമാരുടെ യോഗം മേയ് 5 മുതല്‍ 15 വരെ ജില്ലാതലത്തില്‍ നടക്കും. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനുമുള്ള നടപടികള്‍ മേയ് 30ന് മുമ്ബ് പി ടി എയുടെ സഹായത്തോടെ പൂര്‍ത്തിയാക്കും. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീന്‍ ക്യാമ്പസ് – ക്ലീന്‍ ക്യാമ്പസ് പദ്ധതി നടപ്പാക്കും.
എസ്‌എ സ് എല്‍ സി, സി ബി എസ് ഇ പത്താം ക്ലാസ് റിസള്‍ട്ട് വരുന്നതിനനുസരിച്ച് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനഃക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ 51 അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.