പ്ലസ് ഒൺ പ്രവേശനം :മലപ്പുറം ജില്ലയിൽ 14ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി1 min read

12/6/23

കോഴിക്കോട് :പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

മറ്റ് ജില്ലകളില്‍ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയില്‍ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

4,59,330 അപേക്ഷകരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് ആകെയുള്ളത്. സര്‍ക്കാര്‍, എയ്‌ഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. 33,030 ആണ് വിഎച്ച്‌എസ്‌ഇ ആകെ സീറ്റുകള്‍. അണ്‍ എയ്‌ഡഡ് സീറ്റുകള്‍ 54,585 ആണ്. ആകെ സീറ്റുകളുടെ എണ്ണം 4,58,205 ആണ്. അപേക്ഷകരുടെ എണ്ണത്തേക്കാല്‍ 1,125 സീറ്റുകള്‍ കുറവാണ്.

മലപ്പുറത്തെ സ്ഥിതി നോക്കിയാല്‍, 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സീറ്റുകള്‍ 55,590 ആണുള്ളത്. അണ്‍ എയ്ഡഡ് സീറ്റുകള്‍ 11,286 ആണ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2,820ഉം, അണ്‍ എയിഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലാ എങ്കില്‍ ഇനി വേണ്ട സീറ്റുകള്‍ 22,512 ആണ്. അണ്‍ എയ്ഡഡ് കൂടി പരിഗണിക്കുകയാണെങ്കില്‍ 11,226 സീറ്റുകള്‍ വേണം.

മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്‌മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ ഒന്നാം അലോട്ട്മെന്റിന് ശേഷം മലപ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നതാണ്. ഈ വര്‍ഷം എസ്‌എസ്‌എല്‍സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച്‌ ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കും.

എയ്ഡഡ് മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കും. ഉടൻ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്‍കാലിക ബാച്ച്‌ ആകും എയ്ഡഡ് മേഖലയില്‍ അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാദ്ധ്യമായതെല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *