തിരുവനന്തപുരം :ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളിൽ നൂതനാശയ സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വൈ.ഐ.പി ശാസ്ത്രപഥം ഇമ്മേർഷൻ പരിശീലന ക്യാമ്പ് സമാപിച്ചു . ആറ്റിപ്ര അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ദ്വിദിന ക്യാമ്പിന്റെ സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ-ഡിസ്‌ക്, യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം, സമഗ്ര ശിക്ഷാ കേരളയുടെ ശാസ്ത്രപഥം, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡിസംബറിൽ ആരംഭിച്ച വൈ.ഐ.പി ശാസ്ത്രപഥം 5.0 ൽ 44,197 വിദ്യാർത്ഥികളടങ്ങുന്ന 6,447 ടീമുകളാണ് ആശയങ്ങൾ സമർപ്പിച്ചത്. ബി.ആർ.സി തല പരിശീലനത്തിന് 2,059 ടീമുകളെ തിരഞ്ഞെടുക്കുകയും ജില്ലാതല മൂല്യനിർണ്ണയത്തിൽ 243 ടീമുകളിലായി 6,59 വിദ്യാർത്ഥികൾ യോഗ്യത നേടുകയും ചെയ്തു. ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴ് കേന്ദ്രങ്ങളിലാണ് ദ്വിദിന ഇമ്മേർഷൻ പരിശീലന ക്യാമ്പ് നടന്നത്. തിരുവനന്തപുരത്ത് 44 ടീമുകൾക്കാണ് ഐ.സി.റ്റി അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്.
ആറ്റിപ്ര വാർഡ് കൗൺസിലർ എ.ശ്രീദേവി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സന്ധ്യ, ഐ.സി.റ്റി. അക്കാദമി പ്രോഗ്രാം തലവൻ മനോജ്. എസ്, ബി.ആർ.സി ട്രെയിനർ സിന്ധു.എം എന്നിവരും സന്നിഹിതരായിരുന്നു.