തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന്1 min read

 

തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലേയും വിതരണ കേന്ദ്രങ്ങളിൽ, അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഓരോ നിയോജക മണ്ഡലങ്ങൾക്ക് വേണ്ടിയും സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്‌കുകൾ വഴിയാണ് പോളിങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നത്. പോളിങ് സാധനങ്ങൾ കൊണ്ട് പോകുന്നതിനായി ജില്ലയിൽ 695 വാഹനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ വാഹനത്തിലും സായുധ പോലീസ് ഉദ്യോഗസ്ഥനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രങ്ങളിൽ -കുടുംബശ്രീ ഫുഡ് കോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽ പൂർണമായും ഹരിത പ്രോട്ടോകോൾ നടപ്പാക്കും. പോളിങ് ഉദ്യോഗസ്ഥരുടെ സഹായത്തിനായി 248 സെക്ടർ ഓഫീസർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ 14 വിതരണ കേന്ദ്രങ്ങളാണുള്ളത്. എസ്.എൻ കോളേജ്(വർക്കല), ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ(ആറ്റിങ്ങൽ), ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ(ചിറയിൻകീഴ്), നെടുമങ്ങാട് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ (നെടുമങ്ങാട്), ശ്രീ നാരായണവിലാസം ഹയർസെക്കണ്ടറി സ്‌കൂൾ ആനാട് (വാമനപുരം), ലയോള ഐ.സി.എസ്.ഇ സ്‌കൂൾ,സൗത്ത് ബ്ലോക്ക് ശ്രീകാര്യം(കഴക്കൂട്ടം), പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ(വട്ടിയൂർക്കാവ്), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ(നേമം), ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ, മഞ്ച(അരുവിക്കര), ജി.വി.എച്ച്.എസ്.എസ് (പാറശാല,) ക്രിസ്ത്യൻ കോളേജ് (കാട്ടാക്കട), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, നെയ്യാറ്റിൻകര(കോവളം), ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ ,നെയ്യാറ്റിൻകര (നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *