ഡീസല്‍ വാഹനങ്ങളെ മറന്നേക്കൂ, ഇനിയും വില്‍ക്കാനാണ് കമ്പനികളുടെ ഭാവമെങ്കില്‍ ടാക്‌സ് ഉയര്‍ത്തിക്കൊണ്ടേയിരിക്കും: മുന്നറിയിപ്പുമായി ഗഡ്‌കരി1 min read

ന്യൂഡല്‍ഹി: രാജ്യത്ത് ഡിസല്‍ വാഹനങ്ങളുടെ വില വൻതോതില്‍ വര്‍ദ്ധിക്കും. ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം ജിഎസ്ടി വര്‍ദ്ധനവ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയതോടെയാണ്  ഇതെന്നറിയുന്നു.

അതോടൊപ്പം, ഗഡ്‌കരി  കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു മുന്നറിയിപ്പും  നല്‍കി. നികുതി വര്‍ദ്ധിപ്പിച്ചു കഴിഞ്ഞാല്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന പ്രയാസമായിരിക്കുമെന്നും, അതുകൊണ്ട് ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നുമാണ്  ഗഡ്‌കരി പ്രതികരിച്ചിരിക്കുന്നത്.

”ഡീസല്‍ വാഹനങ്ങളോട് ഗുഡ് ബൈ പറയൂ, ഞങ്ങള്‍ ഇനിയും ടാക്‌സ് ഉയര്‍ത്തും. അത് നിങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കും”. ഡല്‍ഹിയില്‍ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ 63ാമത് വാര്‍ഷിക യോഗത്തിലാണ് ഗഡ്‌കരിയുടെ ഈ  പ്രസ്‌താവന. ഡീസല്‍ വാഹനങ്ങളുടെയും, ജനറേറ്ററുകളുടെയും ജിഎസ്ടി 10 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന പ്രൊപ്പോസലും ഗഡ്‌കരി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് കൈമാറിയിട്ടുണ്ട്.

അപകടം നിറഞ്ഞ ഇന്ധനം എന്നാണ് നിതിൻ ഗഡ്‌കരി ഡീസലിനെ വിശേഷിപ്പിച്ചത്. ഡീസലിന്റെ വര്‍ദ്ധിച്ചു നില്‍ക്കുന്ന ഉപയോഗം ഇന്ധന ഇറക്കുമതിക്ക് ഇന്ത്യയെ  കൂടുതൽ  നിര്‍ബന്ധിതമാക്കുകയാണ്. അതുകൊണ്ടു തന്നെ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഇന്ധനങ്ങളായ എഥനോള്‍, ഹൈഡ്രജൻ എന്നിവയിലധിഷ്‌ഠിതമായ വാഹനനിര്‍മ്മാണത്തില്‍ ഏര്‍പ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ് . ഇലക്‌ട്രിക്ക് വാനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ ഗഡ്‌കരി ആവ‌ര്‍ത്തിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *