6/7/23
തിരുവനന്തപുരം :സംസ്ഥാനത്ത് തകർത്തു പെയ്യുന്ന ദുരിതമഴയിൽ വൻ നാശനഷ്ടം. പല സ്ഥലങ്ങളിലും മഴ ശക്തമാകുന്നു.കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പൊന്നാനി താലൂക്കിലും ഇന്ന് അവധിയാണ്. എം ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് സര്‍വകലാശാലാ പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കാസര്‍ഗോഡ് ചെറുവത്തൂര്‍ കൊവ്വല്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദേശീയപാതയില്‍ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറ്, ബസ്, സ്കൂള്‍ ബസ് ഉള്‍പ്പടെയുള്ള യാത്രാ വാഹനങ്ങള്‍ കോട്ടപ്പുറം പാലം – ചെറുവത്തൂര്‍, അരയാക്കടവ് കയ്യൂര്‍-ചെറുവത്തൂര്‍ എന്നീ റൂട്ടുകളിലൂടെ തിരിച്ചു വിടും. മറ്റു വാഹനങ്ങള്‍ക്ക് ഹൈവേയില്‍ കൂടി തന്നെ പോകാം.