അരുവിക്കര ഉഴമലയ്ക്കൽ കുളപ്പട സർക്കാർ എൽ.പി സ്‌കൂളിന് പുതിയ മന്ദിരമൊരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ഇന്നത്തെ ക്ലാസ് മുറികൾ നാളത്തെ സമൂഹത്തെ വാർത്തെടുക്കുന്ന പാഠശാലകളാണെന്നതിനാൽ, സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയെന്നത് ജനപ്രതിനിധികളുടെ കടമയാണെന്ന് എം.എൽ.എ പറഞ്ഞു.
3,900 ചതുരശ്രയടി വിസ്തീർണത്തിൽ, മൂന്ന് നിലകൾ നിർമിക്കാൻ സാധിക്കത്തക്ക വിധത്തിലുള്ള ഫൗണ്ടേഷനോടെയാണ് സ്‌കൂൾ കെട്ടിടം പണിയുന്നത്. നിലവിൽ പണിയുന്ന ഇരുനില കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണുള്ളത്. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കും. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അധ്യക്ഷയായിരുന്നു.
വാർഡ് അംഗം ഒ.എസ്.ലത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ( കെട്ടിട വിഭാഗം) എസ്. സജീം, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ടി രാജലക്ഷ്മി, മറ്റധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.