മഴവില്ല്’; ട്രാൻസ്‌ജെൻഡർ ബോധവത്കരണ പരിപാടിക്ക് തുടക്കമായി1 min read

തിരുവനന്തപുരം :ട്രാൻഡ്‌ജെൻഡർ കമ്മ്യൂണിറ്റിയെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളും മുൻവിധികളും തിരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ ട്രാൻസ്‌ജെൻഡർ ബോധവത്കരണ പരിപാടി മഴവില്ല് സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. പൊതുസമൂഹത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സമത്വമുറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പൂർണപങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി ഇവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ജെൻഡർ സംബന്ധിച്ച വിവരങ്ങൾ തിരുത്തുന്നതിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ വിവിധ സംഘടനകളിൽ നിന്നും എൻ.ജി.ഒകളിൽ നിന്നും അറുപതോളം പ്രതിനിധികൾ ബോധവത്കരണ പരിപാടിയുടെ ഭാഗമായി. ജില്ലാ സ്വീപിന്റെ നേതൃത്വത്തിൽ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അസിസ്റ്റന്റ് കളക്ടർ അഖിൽ വി. മേനോൻ സംസാരിച്ചു. ജെൻഡർ, ട്രാൻസ്‌ജെൻഡർ വ്യക്തികളും നിയമ സംവിധാനവും തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന ട്രാൻസ്‌ജെൻഡർ സെൽ പ്രോജക്ട് കോഡിനേറ്റർ ശ്യാമ എസ്. പ്രഭയും, അഡ്വ. ശ്രീജ ശശിധരനും ക്ലാസെടുത്തു.

മഴവില്ല് പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ലയിലെ ഇരുപതോളം സ്‌കൂളുകളിലും കോളേജുകളിലും പരിപാടികൾ നടത്തും. കുടുംബശ്രീ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസ്, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ളവരേയും പങ്കെടുപ്പിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസ് ബോധവത്കരണ പരിപാടികൾ നടത്തും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം. ഷൈനി മോൾ, ട്രാൻസ്‌ജെൻഡർ ജില്ലാ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ശ്രീമയി, അസ്മ, നക്ഷത്ര, ജാൻവിൻ, സന്ധ്യ രാജേഷ് വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *