യൂണിവേഴ്സിറ്റി അധ്യാപകരുടെ ശമ്പള സംരക്ഷണം തടയാൻ നിയമഭേദഗതിക്ക് നിർദ്ദേശം1 min read

23/8/23

സർവ്വകലാശാലകളിലും സർക്കാർ കോളേജ് സർവീസിലും പുതുതായി നേരിട്ട് നിയമിതരാകുന്ന അധ്യാപകർക്ക് മുൻ നിയമനത്തിലെ ശമ്പളം സംരക്ഷിച്ചു നൽകുക വഴി കോടിക്കണക്കിന് രൂപയുടെ അധിക ചെലവ് ഉണ്ടാകുമെ ന്നതുകൊണ്ട് മുൻകാല ശമ്പളം സംരക്ഷിക്കുന്നത് തടയുന്നതിന് സർവ്വകലാശാല സ്റ്റാറ്റ്യൂട്ടുകൾ മൂന്നുമാസത്തിനുള്ളിൽ ഭേദഗതി ചെയ്യണമെന്ന കർശന നിർദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സർവ്വകലാശാലകൾക്ക് നൽകി.

നിലവിലെ യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടിലെ പഴുത് ഉപയോഗിച്ചാണ് പ്രൈവറ്റ്, സർക്കാർ കോളേജുകളിൽ നിന്ന് നിയമിതരാകുന്ന അധ്യാപകർ സർവകലാശാലകളിൽ നേരിട്ട് നിയമിതാരാ കുമ്പോൾ അവർ നേരത്തെ കൈപ്പറ്റിയിരുന്ന ശമ്പളം സംരക്ഷിച്ചു നൽകുന്നത്.

ഒന്നര ലക്ഷത്തിൽ കൂടുതൽ ശമ്പളം പറ്റുന്ന അസോസിയേറ്റ് പ്രൊഫസർമാരെ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ പദവിയിൽ പുതുതായി നിയമിക്കുമ്പോൾ അവർ മുമ്പ് വാങ്ങി കൊണ്ടിരുന്ന അസോസിയേറ്റ് പ്രൊഫസ്സറുടെ ശമ്പളം സംരക്ഷിക്കപ്പെടുകയും 60 വയസുവരെ ജോലിയിൽ തുടരാനും സാധിക്കും.
ഇവരുടെ ഒഴിവിൽ പ്രൈവറ്റ് കോളേജ് മാനേജ്മെന്റിന് പുതിയ അധ്യാപകരെ നിമിക്കാനുമാവും.

സർവ്വകലാശാലയിൽ നിയമിക്കപെടുന്നവരുടെ ശമ്പളം സംരക്ഷിച്ചു നൽകുന്നതുപോലെ പ്രൈവറ്റ് കോളേജുകളിൽ നിന്ന് പിഎസ്സി മുഖേന സർക്കാർ സർവീസിൽ വരുന്ന അധ്യാപകരുടെ ശമ്പളത്തിന് സംരക്ഷണം ആവശ്യപ്പെട്ടപ്പോഴാണ് ഈ അധിക ചെലവ് കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടത്.

2010 ലെയും 18 ലെയും യുജിസി റെഗുലേഷനുകളിൽ നേരിട്ടുള്ള നിയമനത്തിനും ഗ്രേഡ് പ്രമോഷനും മുൻകാല സർവീസ് കണക്കാക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ അനുബന്ധമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ മുൻകാലസേവനത്തിലെ ശമ്പളം സംരക്ഷിച്ചു നൽകുന്നത് സംബന്ധിച്ച പരാമർശമില്ല. ഇക്കാര്യം ധനവകുപ്പ് 2021ൽ തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ശ്രദ്ധയിൽ
പെടുത്തി അധികമായി വാങ്ങിയ ശമ്പളം തിരികെ നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും അധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു.

സർവകലാശാല സ്റ്റാറ്റ്യൂട്ടിലെ നിലവിലെ വകുപ്പ് ഉപയോഗിച്ച് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിലവിലെ സ്റ്റാറ്റ്യൂട്ടുകൾ ഭേദഗതിചെയ്യുവാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത് ..

ചട്ടം ഭേദ ചെയ്യുന്നതോടെ മുൻകാല സർവീസുള്ള ഉയർന്ന ശമ്പളവും വാങ്ങുന്ന അധ്യാപകർ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാതാകും. പ്രസ്തുത തസ്തിക കളിലേക്ക് പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കും.

സർവ്വകലാശാലകളിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക്‌ അവരുടെ മുൻകാല ശമ്പളത്തിന് സംരക്ഷണം നൽകിയത് സർവകലാശാലകളുടെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക്‌ ഒരു കാരണമായി ചൂണ്ടികാണിക്കപെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *