ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുലിന് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍1 min read

17/1/23

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം.
രാഹുലിന് സുരക്ഷ ഏര്‍പ്പെടുത്താനുള്ള വിശദമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ തങ്ങേണ്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധനനടത്തുന്നുണ്ടെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30-ന് ശ്രീനഗറില്‍ വലിയ റാലിയോടെയായിരിക്കും ഭാരത് ജോഡോ യാത്ര സമാപിക്കുക.
രാഹുലിനൊപ്പം യാത്രയില്‍ നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടും. രാഹുലിനൊപ്പം വലയത്തിനുള്ളില്‍ നടക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിക്കുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്കൊപ്പം ഒമ്പതോളം കമാന്‍ഡോകള്‍ ഉണ്ടാവാറുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, രാഹുലിന്റെ ഭാഗത്ത് നിന്നാണ് സുരക്ഷാ വീഴ്ചകളുണ്ടായതെന്ന് കേന്ദ്രത്തിന്റെ മറുപടി. 2020 മുതല്‍ 100ലേറെ തവണ രാഹുല്‍ സുരക്ഷക്രമീകരണങ്ങള്‍ മറികടന്നുവെന്നും കേന്ദ്രത്തിന്റെ മറുപടിയില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *