പത്തിനപരിപ്പാടികളുമായി മുഖ്യമന്ത്രിയുടെ പുതുവർഷ സമ്മാനം5 min read

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍….

കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് വഴിയെ പറയാം.

ഇന്ന് സംസ്ഥാനത്ത് 4991 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 23 പേര്‍ മരണമടഞ്ഞു. 65,054 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4413 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 425 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 52,790 സാമ്പിളുകള്‍ പരിശോധന നടത്തി. 5111 പേര്‍ രോഗമുക്തരായി.

കോവിഡ് കാരണം നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുമുണ്ട്. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങളിലോ ക്ഷേമ പദ്ധതികളിലോ ഒരു കുറവും വരുത്താതെ ഈ കാലത്തെ അതിജീവിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപന നാളുകളില്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടി ഉദ്ദേശിച്ചതില്‍ കവിഞ്ഞ വിജയത്തിലാണ് പര്യവസാനിച്ചത്. തുടര്‍ന്ന് രണ്ടാംഘട്ട നൂറുദിന പരിപാടി പ്രഖ്യാപിച്ച് അതിന്‍റെ പ്രവര്‍ത്തനം നടന്നുവരുന്നു. ഈ പുതുവത്സരനാളില്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി പത്ത് കാര്യങ്ങള്‍ കൂടി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുകയാണ്. ഇവ സമയബന്ധിതമായി നടപ്പില്‍വരുത്തും.

കേരള സമൂഹത്തിലെ വയോധികരുടെ എണ്ണം കൂടിവരികയാണ്. ഇത് നമ്മുടെ ജനസംഖ്യാ ഘടനയുടെ സ്വാഭാവിക പരിണാമമാണ്. പലരുടെയും മക്കളും ബന്ധുക്കളും അടുത്തില്ല. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനോ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഈ ജനുവരി പത്തിനുമുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും.

മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങള്‍.  ക്രമേണ ഇവര്‍ക്കുവേണ്ട എല്ലാ സേവനങ്ങളും വീട്ടില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ പോയി പരാതി സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ച് തുടര്‍നടപടികളുടെ വിവരം വിളിച്ച് അറിയിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും.

65 വയസ്സിനു മുകളിലുള്ള ആളുകള്‍ താമസമുള്ളതും (പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവര്‍) ഭിന്നശേഷിക്കാര്‍ (കാഴ്ചശക്തി, കേള്‍വി, ചലനശേഷി എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍) ഉള്ളതും ആയ വീടുകളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങളുടെ ആവശ്യം ഉണ്ടോയെന്ന് അന്വേഷിച്ച് മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള  തുടര്‍നടപടികള്‍ സ്വീകരിക്കും. ഈ പരിപാടി ജനുവരി 15ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കളക്ടര്‍മാരും ഈ പരിപാടി ഏകോപിപ്പിക്കും.

പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തിലും ഗുണമേډയിലും രാജ്യത്ത് മെച്ചപ്പെട്ട പുരോഗതി കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടുപോകാനുണ്ട്. പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കുന്നതിന് പലപ്പോഴും കഴിയാതെ വരുന്നു.

ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍  Eminent Scholars Online- എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്-സര്‍വ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും. ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ (സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറികളില്‍/ ഓഡിറ്റോറിയങ്ങളില്‍) ഇവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്സ് പോലുള്ള ചാനലുകള്‍ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ മേല്‍നോട്ടത്തിലായിരിക്കും ഈ പരിപാടി.  ആദ്യ പ്രഭാഷണം ജനുവരിയില്‍ നടത്തും.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ലോകോത്തര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണ് എന്നത് നമ്മെ അലട്ടുന്ന പ്രശ്നമാണ്.  സാമ്പത്തിക രംഗത്തെ പൊതുവായ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഇതിന് മുഖ്യകാരണമാണ്. കേരളം ഇതില്‍ നിന്നും വിഭിന്നമായി നില്‍ക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള) കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നല്‍കും. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളില്‍ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക.

*അഴിമതിമുക്ത പൊതുസേവനം*

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും.

അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക. വിവരം നല്‍കുന്ന ആളുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്‍റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികള്‍ സോഫ്റ്റ്വെയറില്‍ ശേഖരിച്ച് അതിന്‍റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ക്കായി ഈ അതോറിറ്റി കൈമാറും. വിജിലന്‍സ്/ വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും.

ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ടശേഷമാണ് അനുമതി നല്‍കുക. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ശാസ്ത്രീയമായ ഫില്‍ട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല. സത്യസന്ധമായ സിവില്‍ സര്‍വീസും പൊതുസേവന രംഗവും വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തില്‍ നാഴികക്കല്ലായിരിക്കും ഈ പരിപാടി. ഇത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കും.

*സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ*

കുട്ടികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത സമൂഹത്തെ വളരെയധികം അലോസരപ്പെടുത്തുന്നു. ഈ വിഷയം വിശകലനം ചെയ്ത വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നിലവില്‍ 1024 സ്കൂള്‍ കൗണ്‍സലര്‍മാര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ എണ്ണം ഇരട്ടിയാക്കും. കൗണ്‍സലര്‍മാരുടെ സമയോചിതമായ ഇടപെടല്‍ ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്ന കുട്ടികളുടെ മാനസിക നില ശരിയായി നിലനിര്‍ത്തുന്നതിന് സഹായകരമാകും. കൗണ്‍സലര്‍മാരുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. മാസത്തില്‍ രണ്ടു തവണ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പങ്കാളിത്തത്തോടെ ബ്ലോക്ക് തലത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കായുള്ള കൗണ്‍സലിങ് സേവനവും ലഭ്യമാക്കും.

സ്കൂളുകളില്‍ 20 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. കുട്ടികളുടെ കുടുംബസാഹചര്യം ഉള്‍പ്പെടെ മനസ്സിലാക്കി വേണ്ട ശ്രദ്ധയും പരിഗണനയും നല്‍കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തും. ഇതിനായി സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍ എന്നിവര്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്‍റ്മെന്‍റ് പ്രകാരം ഇവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും സാധ്യമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിനിടെ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്ന സംവിധാനമുണ്ടാക്കും. സ്ത്രീകള്‍ ഇതില്‍ പരാതി പറയാനായി ഓഫീസുകളില്‍ നേരിട്ട് പോകേണ്ട ആവശ്യം ഉണ്ടാകില്ല.

*കുട്ടികളുടെ ആരോഗ്യസുരക്ഷ*

ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. നാം പിന്നോക്കം നില്‍ക്കുന്നത് കുട്ടികളുടെ ഇടയിലെ അനീമിയ അഥവാ വിളര്‍ച്ച നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തിലാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്നതിനെ കാര്യമായി പരിഗണിക്കാത്തത് അപകടകരമാണ്. അവരുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും അതുവഴി ഓര്‍മ്മക്കുറവിലേക്കും പഠനകാര്യത്തിലെ പിന്നോക്കാവസ്ഥയിലേക്കും നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷകാഹാര ലഭ്യതയില്ലായ്മമൂലം ഈ പ്രായക്കാര്‍ ചെന്നെത്തുന്നത് അനീമിയ പോലുള്ള രോഗത്തിലേക്കാണ്. അത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ 201920 പ്രകാരം സംസ്ഥാനത്തെ 39.4 ശതമാനം കുട്ടികള്‍ക്ക് അനീമിയ ഉണ്ട്. ദേശീയ ശരാശരി 60.2 ശതമാനമാണ്. അനീമിയ കുറച്ചുകൊണ്ടുവരാനായി പ്രത്യേക പരിപാടി ആരംഭിക്കും. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ എത്രപേര്‍ക്ക് അനീമിയ ഉണ്ട് എന്ന പരിശോധന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ നടത്തും. അങ്കണവാടിയിലെ ജീവനക്കാര്‍ക്ക് അടക്കം ഈ ലളിതമായ പരിശോധന നടത്താനുള്ള പരിശീലനം നല്‍കും.

കൗമാരപ്രായക്കാരില്‍ ഹീമോഗ്ലോബിന്‍ അളവ് ഡെസിലിറ്ററിന് 12 ഗ്രാമെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 15നു മുമ്പ് സംസ്ഥാനതലത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പരിശോധന പൂര്‍ത്തിയാക്കും. വിളര്‍ച്ച ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി ഫെബ്രുവരിയില്‍ തന്നെ ഉണ്ടാകും. കടുത്ത രീതിയില്‍ വിളര്‍ച്ച ബാധിച്ച കുട്ടികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. വനിത-ശിശുക്ഷേമ വകുപ്പ് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

*പ്രകൃതിസൗഹൃദ നിര്‍മാണം*

നമ്മുടെ നിര്‍മാണ ആവശ്യങ്ങള്‍ കൂടിവരുന്നതിനോടൊപ്പം പ്രകൃതിവിഭവങ്ങളുടെ ചൂഷണവും വര്‍ധിക്കുകയാണ്. ഇത് പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.  ജനങ്ങളുടെ നിര്‍മാണാവശ്യങ്ങള്‍ ഒഴിവാക്കാനാകാത്തതാണ്. അതേസമയം പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം അനുവദിക്കാനാകാത്തതുമാണ്. പ്രകൃതിസൗഹൃദ നിര്‍മാണരീതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവരുന്നുണ്ട്. ലൈഫ് മിഷന്‍റെ ചില ഭവനസമുച്ചയങ്ങള്‍ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. എന്നാല്‍, പ്രീഫാബ് സാങ്കേതികവിദ്യ ഗാര്‍ഹിക നിര്‍മാണത്തിന് വിപുലമായി ഉപയോഗിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

പരിമിതികള്‍ക്കുള്ളിലും പരമ്പരാഗത നിര്‍മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി സൗഹൃദമായ ചില ഘടകങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കും. മരംമുറിക്കല്‍ ഒഴിവാക്കുക, നിലംനികത്തല്‍ ഒഴിവാക്കുക, സാധ്യമാകുന്നത്ര പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജലസ്രോതസുകളും കുടിവെളള ആവശ്യത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിലനിര്‍ത്തുക എന്നിങ്ങനെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രകൃതിസൗഹൃദ നിര്‍മാണ രീതി അവലംബിക്കുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം ‘ഗ്രീന്‍ റിബേറ്റ്’ അനുവദിക്കും.

ഇതിനായുള്ള മാനദണ്ഡങ്ങളും റിബേറ്റിന്‍റെ ശതമാനവും പരിസ്ഥിതി-ധനകാര്യ വകുപ്പുകളുമായി ആലോചിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 2021 ജനുവരി മാസത്തില്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. കൃത്യമായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്വയം സാക്ഷ്യപ്പെടുത്തുന്ന തെളിവുകളോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ അനുവദിക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും ഇന്‍സ്പെക്ഷനും ഉണ്ടാകുന്നതല്ല. എന്നാല്‍ അപേക്ഷകളുടെ റാന്‍റം സെലക്ഷന്‍ നടത്തി ഒരു ഉദ്യോഗസ്ഥ സമിതി പരിശോധന നടത്തും. രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയാല്‍ റിബേറ്റ് പിഴയോടുകൂടി തിരിച്ചടക്കേണ്ടിവരും.

*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുഇടങ്ങള്‍*

പ്രാദേശികതലത്തില്‍ ആളുകള്‍ക്ക് പ്രഭാത-സായാഹ്ന സവാരി നടത്തുവാനും കുട്ടികള്‍ക്ക് കളിക്കുവാനും പൊതുഇടങ്ങള്‍ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

ഉള്ള പൊതുഇടങ്ങള്‍ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്നുണ്ടെങ്കില്‍ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം വിനിയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.  ഘട്ടം ഘട്ടമായി ഈ പരിപാടി വ്യാപിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വില്ലേജുകളിലും ഒരു പൊതു ഇടമെങ്കിലും ഉണ്ടായിരിക്കണം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വയോജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലങ്ങള്‍ പലയിടത്തും ഇപ്പോഴുണ്ട്. അത് വ്യാപിപ്പിക്കും. പ്രാദേശികമായി എല്ലാ വയോജനങ്ങള്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകമായി സമയം ചെലവഴിക്കാന്‍ പറ്റുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നത്.

*ഡിജിറ്റല്‍ മീഡിയ സാക്ഷരത*

മറ്റേതു സംസ്ഥാനത്തേക്കാളും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ കേരളത്തിലുണ്ട്. വാര്‍ത്താ അപ്ഡേറ്റുകള്‍ക്കായി കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുകയാണ്. പൗരന്‍മാരില്‍ വലിയ വിഭാഗത്തിന് വിവരം ലഭിക്കുന്നത് ഡിജിറ്റല്‍ മീഡിയയിലൂടെയാണ്. ഇത് നല്ല കാര്യമാണെങ്കിലും എഡിറ്റോറിയല്‍ മേല്‍നോട്ടമോ ഉത്തരവാദിത്തമോ ഇല്ലാതെ നുണകളുടെയും തെറ്റായ വിവരങ്ങളുടെയും വ്യാപനത്തിനുള്ള സാധ്യതയും ഇതിലൂടെ വിപുലപ്പെട്ടു.

ഇന്‍റര്‍നെറ്റിനെയും സ്മാര്‍ട്ട്ഫോണിനെയും ആശ്രയിക്കുന്നതിന്‍റെ തോത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്‍റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പൗരന്‍മാര്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. മുന്നിലെത്തുന്ന സത്യവും അസത്യവും വേര്‍തിരിക്കാനുള്ള കഴിവുണ്ടാവുകയാണ് പ്രധാനം.

‘സത്യമേവ ജയതേ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുകയാണ്. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് സ്കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും.  ഇതിനായി പാഠ്യപദ്ധതി വികസിപ്പിക്കാന്‍ സ്കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കും.

1. എന്താണ് ‘തെറ്റായ വിവരങ്ങള്‍’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?

2. എന്തുകൊണ്ടാണ് അത് അതിവേഗത്തില്‍ വ്യാപിക്കുന്നത്?

3. സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

4. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?

5. പൗരന്‍മാരെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും ‘സത്യമേവ ജയതേ’.

*പ്രവാസി ക്ഷേമം*

കോവിഡ് മഹാമാരിയുടെ ഗുരുതരമായ പ്രത്യാഘാതം വളരെയധികം അനുഭവിച്ചവരാണ് നമ്മുടെ പ്രവാസികള്‍. ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

മടങ്ങിവന്ന പ്രവാസികളില്‍ പലര്‍ക്കും അവര്‍ പിരിഞ്ഞുവന്ന സ്ഥാപനങ്ങളില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കാന്‍ അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ല.

*കോവിഡ് നിയന്ത്രണങ്ങള്‍*

കോവിഡ് മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ജനജീവിതം മുമ്പോട്ടുപോകുന്നതിന് കരുതലുകള്‍ എടുത്തുകൊണ്ട് നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. ജനങ്ങളുടെ ഉപജീവന മാര്‍ഗവും മാനസിക, സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ ഇളവുകള്‍.

സിനിമാശാലകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കാവുന്നതാണ്. ഒരു വര്‍ഷത്തോളമായി തിയറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇതു കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിയറ്ററിലെ സീറ്റിന്‍റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അതോടൊപ്പം, ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കേണ്ടതാണ്.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്‍റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കും. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുക.

പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കും. അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും.

സ്പോര്‍ട്സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനം. നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. എക്സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. മറ്റു വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *