ഇന്റർനെറ്റ്‌ മലയാളി: കേരളം ഇന്റർനെറ്റ്‌ ഉപയോഗത്തിൽ രണ്ടാമത്.1 min read

തിരുവനന്തപുരം: മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ് കേരളത്തിലെ ഇന്റർനെറ്റ് വ്യാപനം. ഒന്നാം സ്ഥാനത്ത് ഡൽഹിയാണ് (69 ശതമാനം). ജനസംഖ്യയുടെ പകുതിയിലധികംപേരും ഇന്റർനെറ്റ് ഉപയോഗിക്കുന്ന കേരളത്തിലിത് അഖിലേന്ത്യാ ശരാശരിയെക്കാൾ ഇരട്ടിയോളമാണ്. രാജ്യത്താകെ അഞ്ചിനും 11-നും ഇടയിലുള്ള ആറരക്കോടിയിലധികം കുട്ടികൾ മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ലാപ്ടോപ്, ഡെസ്ക് ടോപ് എന്നിവവഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമായെന്നും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ലാപ്ടോപ്പും ഡെസ്ക്ടോപ്പും മറന്നേക്കൂ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഉപയോക്താക്കളിൽ 99 ശതമാനംപേരും മൊബൈൽ ഇന്റർനെറ്റിനെ ആശ്രയിക്കുമ്പോൾ ബാക്കിപേർ മാത്രമാണ് ലാപ്ടോപ്പും ഡെസ്ക്ടോപ്പും ഉപയോഗിക്കുന്നത്. മൊബൈൽ ഫോണിന്റെ വ്യാപനവും തുച്ഛമായ ഇന്റർനെറ്റ് നിരക്കുകളുമാണ് ഇതുവഴിയുള്ള ഉപയോഗം കൂട്ടാൻ കാരണം. ഏറ്റവുംകുറച്ച് ഇന്റർനെറ്റ് ഉപയോക്താക്കളുള്ളത് ഒഡിഷയിലാണ്. 25 ശതമാനം. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും വ്യാപനം 30 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ഇൻറർനെറ്റ് വ്യാപനം 385 ദശലക്ഷം രാജ്യത്തെ ഇന്റർനെറ്റ് വ്യാപനത്തിന്റെ തോത് 385 ദശലക്ഷമാണ്. ഇതാകട്ടെ 12-നുമുകളിൽ പ്രായമുള്ളവരുടെ കണക്കുമാത്രമാണ്. എന്നാൽ, അഞ്ചുമുതൽ 11 വരെയുള്ള 6.6 കോടി കുട്ടികൾ ഇന്റർനെറ്റ് ഉപയോക്താക്കളാണെന്നതും പഠനം ചൂണ്ടിക്കാട്ടുന്നു. അഖിലേന്ത്യാതലത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷൻമാരുടെ എണ്ണം. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും 20-നും 30-നുമിടയ്ക്ക് പ്രായമുള്ളവരാണ് ഏറ്റവും വലിയ ഉപയോക്താക്കൾ. കേരളത്തിന്റെ സ്വന്തം കെ-ഫോൺ കേരളത്തിൽ ഇന്റർനെറ്റ് സൗകര്യം പൗരാവകാശമായി കണ്ടാണ് 2017-18ലെ സംസ്ഥാന ബജറ്റിൽ കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചത്. 1548 കോടി രൂപയുടെ ഈ പദ്ധതി അടുത്തവർഷം ഡിസംബറോടെ യാഥാർഥ്യമാകുമ്പോൾ 20 ലക്ഷം കുടുംബങ്ങളിൽ സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും. മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും ലഭിക്കും. ഇതോടെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *